
സ്കൂള്‍ തുറന്നു...
ബസ് സ്റ്റോപ്പുകളും ബസ്സുകളും സജീവമായി....
മഴയില്‍കുതിര്‍ന്ന പാവാടകള്‍ ഒതുക്കിപ്പിടിച്ചു പെണ്‍കൊടികള്‍ വഴിയോരങ്ങളില്‍ ബസ് കാത്തുനില്ക്കുന്നു...
പെരുമഴയത്ത് വണ്ടിയോടിക്കുന്നതും... വഴിയരികിലെ തട്ടുകടയിലെ ഓംലറ്റും ചുടുകാപ്പിയും.... സിഗററ്റും... എല്ലാം ഒന്നോര്‍ത്തെടുക്കുകയാണ്.....
ഒറ്റയ്ക്കാണെങ്കിലും... ഓര്ത്തുനോക്കാലോ....
മഴ എന്നും ഒരു ഹരമായിരുന്നു
ഇവിടെ രണ്ടുമൂന്നു ദിവസമായി നല്ല മഴയായിരുന്നു...
പ്രകൃതിയുടെ കണ്ണീര്....
ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ കരച്ചില് രാത്രിയെപ്പോഴോ ആണ് ഒന്നടങ്ങിയത്...
ഉമ്മറക്കോലായില്‍ മുന്നില്‍ വച്ച സ്റ്റൂളില്‍ കാലും കയറ്റിവച്ച് ചാരുകസേരയില്‍ ഇരുന്ന് മഴത്തുള്ളികള്വീഴുന്നതും നോക്കിയിരുന്നു... മണിക്കൂറോളം...
തെങ്ങിന്റെ മണ്ടയില്‍ വീണ് ഉരുണ്ടുരുണ്ട് മടലിലൂടെ വെള്ളിനൂലായി ഓരോ ഓലക്കൊടിയിലൂടെയുംഊര്ന്നിറങ്ങി മണ്ണില്പതിക്കുന്നു...
നനഞ്ഞൊട്ടിയ ചിറകുകളുമായി ഇറയത്ത് ഒതുങ്ങിനില്ക്കുന്ന കോഴികള്‍...
കഴിഞ്ഞാഴ്ച വിരിഞ്ഞ താറാവുകുഞ്ഞുങ്ങള്‍ നീന്തല്‍ പഠിക്കാനിറങ്ങിയ മുറ്റം.
ഓര്‍മകളിലൂടെ അങ്ങനെ പഴയ കാലത്തിലേക്ക്....
മഴ എന്നും ഹരമായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് എങ്ങോട്ടെന്നില്ലാതെ നടക്കുന്നതായിരുന്നുസ്വകാര്യ ഇഷ്ടം.
വറുതിയുടെ നാളുകള്‍... ഓലപ്പുര കെട്ടിമേയാന്‍ കഴിയാതെ ഇടവപ്പാതി മുഴുവന്ചോര്ന്നൊലിച്ചായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്...
തറയില്‍ കീറപ്പായ വിരിച്ചു കിടക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരിക്കും പാതിരായ്ക്കു മഴപെയ്യുന്നത്. തൊട്ടടുത്തു ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ നിലത്തെ ചെളിയോടൊപ്പം പുതപ്പില്കൊള്ളാത്ത ശരീരത്തില്‍ പതിക്കുമ്പോള്‍ ഞെട്ടിയുണരും. പായയുടെ തുമ്പു മടക്കിപ്പിടിച്ചു വീണ്ടുംഉറങ്ങാന് ശ്രമിക്കുന്നു. തൊട്ടടുത്തു നിന്ന്് ഉമ്മയുടെ നെടുവീര്‍പ്പുകള്‍... കാലത്ത് കവുങ്ങിന് പാളകൊണ്ട് അകത്തു നിന്നും മഴവെള്ളം തേവി പുറത്തേക്കെത്തിച്ചായിരുന്നു അകം ഉണക്കിയിരുന്നത്..... പാള നീളത്തില്‍ കീറി ഓട്ടയടച്ച് ഒരു പരിധിവരെ ചോര്‍ച്ചയെ തടയും.
കര്ക്കിടകമാവുമ്പോഴേക്കും പുരമേയാന്‍ നെട്ടോട്ടമോടുകയായി ഉമ്മയും ബാപ്പയും. പനയോലതേടിപ്പിടിക്കണം. വെട്ടിയിട്ട പനയോല കെട്ടാക്കി തലയില്‍ ചുമന്ന് വീട്ടിലെത്തിക്കുന്നത്.... കെട്ടിമേയുന്ന അന്നത്തെ ഉച്ച ശാപ്പാട് കഴിഞ്ഞ് പനയോലക്കെട്ടുകള്ക്കിടയിലെ തണുപ്പില്‍ ഒന്നു നടുനിവര്‍ത്തുന്നത്. പുരമേഞ്ഞ് കഴിഞ്ഞ് പടപട ശബ്ദത്തോടെ ആദ്യത്തെ മഴ പെയ്യുമ്പോള്‍ ആ സംഗീതംകേട്ടു കിടക്കുമ്പോഴുള്ള സുഖം... അപ്പോഴേക്കും കര്‍ക്കിടകം കലി തുള്ളി തുടങ്ങുകയായി... വെള്ളം... സര്‍വത്ര... പുഴ നിറഞ്ഞ് ഒരു വശത്തുകൂടെയും വയലു നിറഞ്ഞ് മറുവശത്തുകൂടെയും വെള്ളം വീടിനുചുറ്റും എത്തുന്നത്... അപ്പോഴേക്കും സാധനങ്ങള്‍ എല്ലാം കെട്ടിപ്പെറുക്കി തട്ടിന്പുറത്തിടുന്നത്... പ്രായമുള്ളവരെയും കുട്ടികളെയും ആട് കോഴി എല്ലാം തോണിയിലേറ്റി സുരക്ഷിതമായിബന്ധുവീടുകളിലേക്കും മറ്റും..മറ്റും...
വെള്ളം പതുക്കെ മുറ്റത്തേക്ക്... കോലായി... അടുക്കള... അങ്ങനെ അകത്തേക്ക്... അങ്ങനെ ഞാനുംവീടു വിടുന്നു... ഒന്നു രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുന്നു... ആകെക്കൂടി ചെളിയും വെള്ളവും നിറഞ്ഞഅന്തരീക്ഷം... ചകിരിയും മടലും മറ്റും കൂട്ടിയിട്ട് കത്തിച്ചു ചൂടാക്കിയും ശുദ്ധിവരുത്തിയും വീട്ടിലേക്ക്വീണ്ടും... എന്നാലും മഴ എനിക്കിഷ്ടമായിരുന്നു... എല്ലാ സങ്കടങ്ങളും മഴയില്‍ അലിഞ്ഞ്ഒലിച്ചുപോയിരുന്നു...
ഒരു പാട് ഓര്‍മകള്‍ സമ്മാനിച്ചുകൊണ്ട് ഈ മഴയും എന്നെ കടന്നുപോവുകയാണ്...
1 comment:
dear close friend Rahman,enikku nenne ariyavunnatu kondu very good oormma enne parayunnullu
Post a Comment