
ഇടവഴിയില്‍ നിന്നു വീട്ടുമുറ്റത്തേക്കു കയറി തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട ആകാശത്തിനു ഗാഢമായ ചുവപ്പായിരുന്നു. മുറിതുറന്ന് അകത്തുകയറിയതും അയാള്‍ കൂജയെടുത്തു വെള്ളം വായിലേക്കു കമഴ്‌ത്തി. ഡ്രസ്സുപോലും മാറാതെ കസേരയില്‍ ചെന്നിരുന്നു. ആകെ അസ്വസ്ഥത.ഇടവഴിയില്‍ കണ്ട ആ ഒറ്റച്ചെരുപ്പ്... അതിലെ ഭംഗിയുള്ള പൂക്കളും പൂമ്പാറ്റയും... എട്ടോ ഒമ്പതോ വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേതാണ്.
ഒറ്റച്ചെരുപ്പ്.... അതിന്റെ തുണയെവിടെയായിരിക്കും. ആ ഒറ്റച്ചെരുപ്പ് എങ്ങനെയായിരിക്കും അവിടെ എത്തിയത്? ആലോചിക്കുമ്പോള്‍ ഉള്ളിലൊരു കാളല്‍. ദൈവമേ... അങ്ങനെയൊന്നും സംഭവിക്കാതിരുന്നെങ്കില്‍... ഒരു ഭാഗത്തു വിശാലമായ വയലും വിജനമായ പുല്‍മേടുകളും മുളങ്കാടുകളും നിറഞ്ഞ ആ കൊച്ചുഗ്രാമത്തെ വെള്ളിയരഞ്ഞാണം പോലെ ചേര്‍ന്നൊഴുകുന്ന പുഴ... വയലിനെ നേര്‍പ്പകുതിയാക്കി കടന്നുപോവുന്ന റെയില്‍പ്പാളങ്ങള്‍... അത്യാവശ്യ സാധനങ്ങള്‍ കിട്ടുന്ന ചെറിയ ഒരു കവലയാണ് ആ ഗ്രാമത്തിലുള്ളത്. വയലും റെയിലും മുറിച്ചുകടന്നുവേണം സാമാന്യം വലിയ അങ്ങാടിയിലെത്താന്‍.ഗ്രാമത്തിന് ഉള്ളില്‍ നിന്നു വരുന്ന മൂന്നു ചെമ്മണ്‍പാതകള്‍ സംഗമിക്കുന്നത് ഈ കൊച്ചുകവലയിലാണ്. ഒരു ചായക്കടയും ബാര്‍ബര്‍ഷാപ്പും മറ്റു മൂന്നുനാലു കടകളും മാത്രമേ കവലയിലുള്ളൂ. കവലയിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയ ഏതെങ്കിലും കുട്ടിയുടേതായിരിക്കുമോ... ആ ഒറ്റച്ചെരുപ്പ്... അല്ലെങ്കില്‍ മുളങ്കാടുകള്‍ക്കപ്പുറത്തുള്ള വീട്ടില്‍ പാലുവാങ്ങാന്‍ പോയ.... നീണ്ടുകിടക്കുന്ന ഈ ഇടവഴിയും കടന്നുവേണം കവലയിലെത്താന്‍...ഏതെങ്കിലും കശ്‌മലന്‍ ആ കുരുന്നിനെ... അയാള്‍ അസ്വസ്ഥനായി മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കൂജയിലെ വെള്ളം എപ്പോഴോ തീര്‍ന്നിരുന്നു. മുറി സിഗരറ്റ് പുകകൊണ്ടു നിറഞ്ഞു.താഴത്തെ നിലയിലെ അമ്മിണ്യേടത്തി അത്താഴവും കൊണ്ടു വാതില്‍ തുറന്നുവന്നു. അയാള്‍ ഞെട്ടിപ്പോയി...
``ഇതു നല്ല കഥ.. കുഞ്ഞെന്താ ഡ്രസ്സൊന്നും മാറാതെ..'' - അമ്മിണ്യേടത്തി ചോദിച്ചു.
`` ങാ.. ഒന്നൂല്ല... അമ്മിണ്യേടത്തീ, പുറത്തു വിശേഷം വല്ലതുമുണ്ടോ?''
``എന്തു വിശേഷം...?!''
``എന്തെങ്കിലും.. ഒന്നൂല്ലേ?''
`` ഒരു വിശേഷവുമില്ല... കുഞ്ഞിനിന്നെന്തു പറ്റി? അത്താഴവും കഴിച്ച് ഉറങ്ങാന്‍ നോക്ക്...''
അമ്മിണ്യേടത്തി സ്വന്തം അമ്മയെപ്പോലെത്തന്നെയായിത്തീര്‍ന്നിരിക്കുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവരുടെ വീടിനു മുകള്‍നിലയില്‍ വാടകക്കാരനായത്. രണ്ടുനേരം ഭക്ഷണവും അവര്‍ തരുന്നു.അയാള്‍ ഭക്ഷണപ്പാത്രത്തിലേക്കു നോക്കി. കഴിക്കാന്‍ തോന്നുന്നില്ല. കട്ടിലില്‍ കയറിക്കിടന്നു. ആ ഒറ്റച്ചെരുപ്പ് മനസ്സില്‍ വിലങ്ങനെ കിടക്കുന്നു. ആ കുട്ടിയെ എന്തുചെയ്‌തിരിക്കും? വായ പൊത്തിയായിരിക്കും എടുത്തുകൊണ്ടുപോയത്. കുതറിയപ്പോള്‍ തെറിച്ചു വീണതായിരിക്കും ആ ഒറ്റച്ചെരുപ്പ്. പിച്ചിച്ചീന്തി കൊന്നുകാണുമോ? അടുത്തുള്ള കുറ്റിക്കാട്ടില്‍... അല്ലെങ്കില്‍ മുളങ്കാട്ടിനുള്ളില്‍... പൊട്ടക്കിണറ്റില്‍... അതോ ചാക്കില്‍ക്കെട്ടി എവിടെയെങ്കിലും.. എങ്ങനെയായിരിക്കും ആ കുഞ്ഞുമുഖം... അമ്മിണ്യേടത്തിയുടെ പേരമകളെപ്പോലെ വെളുത്തു തടിച്ചിട്ടായിരിക്കുമോ? അതോ, കവലയിലെ ചായപ്പീടികക്കാരന്‍ വാസുവിന്റെ മകളെപ്പോലെ മെലിഞ്ഞ് എപ്പോഴും പുഞ്ചിരിക്കുന്ന... ഓരോ മുഖങ്ങള്‍ മുന്നില്‍ മിന്നിമറിയുന്നു.അവള്‍ ഒരുപാടു കരഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ ഒന്നുറക്കെ കരയാന്‍പോലും അനുവദിച്ചിട്ടുണ്ടാവില്ല ആ ദുഷ്ടന്‍. വായില്‍ തുണി തിരുകിയിട്ടുണ്ടാവും.മറക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ വ്യക്തതയോടെ മനസ്സിലേക്കു വരുകയാണ്. നിത്യേന കാണുന്ന കുട്ടികളുടെ മുഖങ്ങള്‍ ഓരോന്നോരോന്ന് തെളിഞ്ഞുവരുന്നു... ആരായിരിക്കും? ആലോചിച്ച് കിടന്നുകൊണ്ടെപ്പോഴോ ഉറങ്ങിപ്പോയി.
മുറിയില്‍ എന്തോ വീണ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പത്രമാണ്...
ചാടിയെണീറ്റ് ആര്‍ത്തിയോടെ പേജുകള്‍ മറിക്കാന്‍ തുടങ്ങി. ഇല്ല... കാണുന്നില്ല... അസ്വാഭാവികമരണം... പീഡിപ്പിച്ചു... കാണാതായി... ഇല്ല.. ഒന്നുമില്ല... വീണ്ടും വീണ്ടും നോക്കി. അയാള്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. വേഗം കവലയിലേക്കു നടന്നു. വാസുവിന്റെ ചായക്കടയില്‍ ചെന്നാല്‍ തലേന്നത്തെ എല്ലാ വാര്‍ത്തകളും അറിയാം. വാസുവിന്റെ മകള്‍ പുഞ്ചിരിച്ചുകൊണ്ട് കടയിലുണ്ട്. ആശ്വാസം.
കടയിലെ ഓരോരുത്തരുടെയും വാക്കുകളും സസൂക്ഷ്‌മം ശ്രദ്ധിച്ചു. ഇല്ല ആരും ഒന്നും പറയുന്നില്ല. ഒന്നും സംഭവിച്ചില്ല!
``അപ്പോ ഒന്നും സംഭവിച്ചില്ലല്ലേ...?!''
``എന്ത്?'' എല്ലാവരും അയാളെ നോക്കി.
``ഇല്ല.. ഒന്നൂല്ല...'' അയാള്‍ ഇറങ്ങി നടന്നു.
മുളങ്കാടുകള്‍ മേലാപ്പുവിരിച്ച ഇടവഴിയിലൂടെ. ആ ഒറ്റച്ചെരുപ്പ് അപ്പോഴും അവിടെത്തന്നെയുണ്ടായിരുന്നു. ഭീതിയോടെ, എന്നാല്‍ ആശ്വാസത്തോടെ ഒരു നിമിഷം അതിലേക്കു നോക്കി അയാള്‍ കടന്നുപോയി.